ഏലക്കാ ലേലം തമിഴ്നാട്ടിലേക്ക് മാറ്റാൻ അനുവദിക്കില്ല :ബിജെപി കർഷകമോർച്ച
കട്ടപ്പന: കോവിഡിന്റെ പശ്ചാത്തലത്തിൽ ഏലക്കാ ലേലം തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല. സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ സ്റ്റെനി പോത്തനാണ് ലേലം തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റണമെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത് .നിലവിൽ പുറ്റടി സ്പൈസസ് പാർക്കിൽ നടക്കുന്ന ലേല കേന്ദ്രത്തിൽ തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ എത്തിച്ചേരാൻ ഉള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ലേലം ബോഡിനായ്ക്കന്നൂരിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്.
എന്നാൽ ലേലം തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ സ്പൈസസ് ബോർഡ് ചെയർമാൻ ശ്രീ ഡി സത്യൻ IFS, കേന്ദ്ര വാണിജ്യമന്ത്രി ശ്രീ പിയൂഷ് ഗോയൽ, കേന്ദ്രമന്ത്രി ശ്രീ വി മുരളീധരൻ ,ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ തുടങ്ങിയവർക്ക് കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതികൾ നൽകും.
തമിഴ്നാട്ടിലുള്ള ചില വൻകിട വ്യാപാരികളെയും ഇടനിലക്കാരെയും മാത്രം സംരക്ഷിക്കുന്ന നിർദ്ദേശമാണ് ബോർഡ് വൈസ് ചെയർമാന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് എന്ന ആശങ്ക പൊതു സമൂഹത്തിനുണ്ട്. പുറ്റടിയിൽൽ നടക്കുന്ന ലേലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം കുറച്ച് നാളുകളായി നടക്കുന്നതാണ്. ഇന്ന് വിപണിയിലെ വില നിശ്ചയിക്കുന്ന തരത്തിലേക്ക് ഈ ലോബി മാറിക്കഴിഞ്ഞിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട ബോണ്ട് പോലും കെട്ടാതെ നടത്തുന്ന ഇത്തരം ലേലങ്ങൾ കർഷകർക്ക് കൂടുതൽ ദോഷം വരുത്തി വയ്ക്കും.
ലേല കേന്ദ്രം സ്ഥിരമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ലക്ഷ്യവും ഈ നീക്കത്തിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കണം. അങ്ങനെ വന്നാൽ ഈ നാട്ടിലെ കർഷകർ വരുംകാലങ്ങളിലും തമിഴ്നാട്ടിലെ ലേല കേന്ദ്രത്തെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാവും
ഏലം ഉൽപ്പാദനം പ്രധാനമായും നടക്കുന്നത് ഇടുക്കി ജില്ലയിലെ മൂന്നു താലൂക്കുകളിലാണ് അതുകൊണ്ടുതന്നെ ലേലവും ഇവിടെത്തന്നെ തുടരണം എന്ന നിലപാടാണ് ബിജെപിക്കുള്ളത്. കർഷക പ്രതിനിധികൾക്കോ ഉദ്യോഗസ്ഥന്മാർക്കോ പല സ്ഥാപിത താല്പര്യങ്ങളും ഉണ്ടാവാം എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ നയം ഉൽപാദകരും കർഷകരും ആയിട്ടുള്ള ആളുകൾക്ക് കൂടുതൽ ഗുണം ലഭിക്കണം എന്നുള്ളതാണ്. അതിനനുസരിച്ചുള്ള ഇടപെടീൽ ഉറപ്പുവരുത്തും
പത്രസമ്മേളനത്തിൽ ബിജെപി ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻറ്
രതീഷ് വരകുമല
കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി
എം എൻ മോഹൻദാസ്