സബ്സിഡി സാധനങ്ങള്‍ക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) നല്‍കാതിരിക്കാന്‍ അശാസ്ത്രീയ കുറുക്കുവഴിയുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍
തൃശൂര്‍: സബ്സിഡി സാധനങ്ങള്‍ക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) നല്‍കാതിരിക്കാന്‍ അശാസ്ത്രീയ കുറുക്കുവഴിയുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ).ചെറുപയര്‍, തുവരപ്പരിപ്പ്, ഉഴുന്ന്, വന്‍പയര്‍, വന്‍കടല തുടങ്ങിയ സബ്സിഡി സാധനങ്ങള്‍ പാക്ക് ചെയ്ത് നല്‍കാതെ തൂക്കിവില്‍ക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ജൂലൈ 18 മുതല്‍ പാക്ക് ചെയ്ത വസ്തുക്കള്‍ക്ക് അഞ്ചുശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയിരുന്നു. സബ്സിഡി സാധനങ്ങള്‍ക്ക് വിലകൂട്ടില്ലെന്ന സര്‍ക്കാര്‍ നയംമൂലം കഴിഞ്ഞ ആറുവര്‍ഷമായി ഒരേ വില തുടരുകയാണ്. അതുകൊണ്ടുതന്നെ ജി.എസ്.ടി ഉപഭോക്താവില്‍നിന്ന് ഈടാക്കാനാവില്ല. അതേസമയം, സബ്സിഡി നിരക്കില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക് ജി.എസ്.ടി കൂടി നല്‍കുന്നതിനാല്‍ സപ്ലൈകോക്ക് വന്‍ നഷ്ടമാണ് ഉണ്ടാവുന്നത്.
കൃത്യമായ പാക്കിങ് ഇല്ലാത്തത് ഗുണമേന്മയെ ബാധിക്കുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഉപഭോക്താവിന് സമയ നഷ്ടവുമുണ്ടാകും. പാക്കിങ് ഒഴിവാക്കിയാല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ കുറയുമെന്നും ഇത് ഇതര സാധനങ്ങളുടെ പോലും വിറ്റുവരവിനെ ബാധിക്കുമെന്നുമാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. സൂപ്പര്‍, പീപ്ള്‍സ് ബസാറുകളില്‍ തിങ്കളാഴ്ച മുതല്‍ ഇത് നടപ്പാക്കിയെങ്കിലും ജീവനക്കാരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിപോലും അധികൃതര്‍ നല്‍കിയിട്ടില്ല. മാത്രമല്ല, ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും അടക്കം പരിശോധനകളില്‍ ഇത് അനുവദിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇടപെട്ട് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് ജീവനക്കാരുടെ നിലപാട്.