ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടല്‍
തിരുവനന്തപുരം: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടല്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.
“ബഹുമാനപ്പെട്ട സിഎമ്മിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ മകളേയും ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും കണ്ടു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഹോസ്പിറ്റല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ നേരിട്ട് വിളിച്ചാണ് മുഖ്യമന്ത്രി ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചത്. ശേഷം ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. എ എകെ ആന്റണിയും എം എം ഹസനും ഉമ്മന്‍ ചാണ്ടിയെ നേരത്തെ സന്ദര്‍ശിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയെ ഇന്നലെയാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടന്‍ കൊണ്ടുപോകാനിരിക്കെയാണ് ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
ഉമ്മന്‍ചാണ്ടിക്ക് കുടുംബം വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന് അലക്സ് ചാണ്ടി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് ഉമ്മന്‍ചാണ്ടിയും കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അലക്സ് ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്കാന് താനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.