ജനകീയ പ്രതിരോധ ജാഥ:ഇടുക്കിയില്‍ സ്വാഗതസംഘമായി
കട്ടപ്പന : കേരളത്തിന്റെ വികസനം തടഞ്ഞുള്ള കേന്ദ്രസർക്കാർ സമീപനത്തിനും ന്യൂനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർഎസ്എസും ഉയർത്തുന്ന ഭീഷണിക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണത്തിന് ഇടുക്കി നിയോജകമണ്ഡലത്തിൽ സ്വാഗതസംഘം രൂപീകരിച്ചു. മാർച്ച് 10ന് രാവിലെ ഒൻപതിന് കട്ടപ്പനയിലാണ് സ്വീകരണം. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സിഎസ്ഐ ഗാർഡനിൽ ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ കാര്യപരിപാടികൾ അവതരിപ്പിച്ചു. കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സതീഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: റോമിയോ സെബാസ്റ്റ്യൻ(ചെയർമാൻ), വി ആർ സജി(ജനറൽ കൺവീനർ), എം ജെ മാത്യു(ട്രഷറർ).