സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയത് ആരും അറിയാതെ അല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയത് ആരും അറിയാതെ അല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.നിരക്ക് വര്‍ധനയ്ക്ക് എല്‍.ഡി.എഫ് അംഗീകാരം ലഭിച്ചാല്‍ പിന്നീട് വകുപ്പ് മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളക്കരം കൂട്ടിയത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് നിരക്ക് വര്‍ധന. വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കര വര്‍ധന സംബന്ധിച്ച വാര്‍ത്ത വന്നതിന് ശേഷം പരാതി പറഞ്ഞ് ഇതുവരെ ഒരു ഫോണ്‍കോള്‍ പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്ന ഒരാള്‍ക്ക് ലിറ്ററിന് ഒരുപൈസയുടെ വര്‍ധനവ് വലിയ വര്‍ധനവാണോയെന്നും മന്ത്രി ചോദിച്ചു.
ജനങ്ങള്‍ക്ക് നല്ല സേവനം കൊടുക്കാന്‍ കഴിയണം. ജലലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കണം. എന്നാല്‍ ഇപ്പോള്‍ ജല അതോറിറ്റിയില്‍ പെന്‍ഷന്‍ നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. വര്‍ഷംതോറും ഈ ബുദ്ധിമുട്ട് വര്‍ധിക്കുകകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് നിരക്ക് വര്‍ധന. കൂടിയ നിരക്ക് നല്‍കേണ്ടി വരുക മാര്‍ച്ച്-ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും മന്ത്രി പറഞ്ഞു.