കാട്ടാനകളെ വെടിവെക്കുമെന്ന ഡി.സി.സി. പ്രസിഡന്റിൻ്റെ പ്രസ്താവന ഗുരുതരം: വനംമന്ത്രി
കോഴിക്കോട്: കാട്ടാനകളെ വെടിവെച്ചുകൊല്ലുമെന്ന ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യുവിൻ്റെ പ്രസ്താവന ഗുരതരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തനിക്ക് കാട്ടുകൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. നിയമം കൈയിലെടുക്കണമെന്ന് ആഹ്വാനം ചെയ്യൂന്നതുപോലെയാണ് സി.പി. മാത്യുവിന്റെ വാക്കുകളെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലും കർണാടകയിലും വന കൊള്ളക്കാരായ ഷൂട്ടർമാരുമായി തനിക്ക് സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിഞ്ഞോ അറിയാതെയോ പറഞ്ഞതാണോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.
ഉത്തരവാദപ്പെട്ട ഒരു പാർട്ടിയുടെ നേതാവ് ജനങ്ങൾക്കിടയിൽ അനാവശ്യ പ്രകോപനം സൃഷ്ടിച്ചു. ഇടുക്കി മേഖലയിലെ ക്രമസമാധാനം തകർക്കാൻ ഇയാൾക്ക് ദുരുദ്ദേശ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇത്തരമൊരു പരസ്യനിലപാട് പാടില്ലെന്നും നിയമവിരുദ്ധമായ നടപടികൾ പാടില്ലെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം ജില്ലാ പ്രസിഡന്റിനെ ബോദ്ധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.