തൊഴിലാളി സ്ത്രീയുടെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി തർക്കം
ചീന്തലാറിൽ മരിച്ച എസ്റ്റേറ്റ് തൊഴിലാളി സ്ത്രീയുടെ മൃത്ദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. ഒറ്റമരം എസ്റ്റേറ്റ് തൊഴിലാളി തവാരണ മുടംതെങ്ങിൽ പരേതനായ അർജ്ജുനന്റെ ഭാര്യ മരിയമ്മയുടെ (71) മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇന്നലെ രാവിലെ തുടങ്ങിയ തർക്കം പോലീസും പഞ്ചായത്ത് അധികൃതരും ഇടപ്പെട്ട് താൽക്കാലികമായി പരിഹരിച്ച് സംസ്കാരം നടത്തി.
എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായിരുന്ന മരിയമ്മ ഞായറാഴ്ചയാണ് അന്തരിച്ചത്. മൃതദേഹം എസ്റ്റേറ്റു വക പത്തേക്കറിലെ പൊതു ശ്മശാനത്തിൽ സംസ്കരിക്കുവാൻ തയ്യറെടുത്തെങ്കിലും ഇത് ചോദ്യം ചെയ്ത് പ്രദേശവാസികളായ ചിലർ രംഗത്തുവന്നു. മുൻപും ഇവിടെ സംസ്കാരം നടത്തുന്നതു സംബന്ധിച്ച് തർക്കവും, സംഘർഷവും ഉണ്ടായിട്ടുണ്ട്. ഹൈക്കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. എസ്റ്റേറ്റു തൊഴിലാളികളേയും, ആശ്രിതരേയും അടക്കം ചെയ്യുന്നതിന് നിശ്ചയിച്ചിട്ടുള്ള സ്ഥലമാണ് പത്തേക്കർ. ഉടമ തോട്ടം ഉപേക്ഷിച്ചു പോയതോടെ ഒൻപതേക്കറോളം സ്ഥലം കയ്യേറ്റം ചെയ്യപ്പെടുകയും, ആൾ താമസം വർദ്ധിക്കുകയും ചെയ്തു. തുടർന്നാണ് തർക്കം ആരംഭിച്ചത്. തോട്ടം തൊഴിലാളികൾ മരിച്ചാൽ മൃതദ്ദേഹം സംസ്ക്കരിക്കാൻ വേറെ സ്ഥലം ഇല്ലാത്തതിനാൽ പഞ്ചായത്ത് ഇടപ്പെട്ട് സർവ്വകക്ഷി യോഗം വിളിച്ച് സമവായം ഉണ്ടാക്കിയിരുന്നു. എന്നാൽ ശാശ്വത പരിഹാരം ഉണ്ടായില്ല. ഇതു കാരണം ഓരോ മരണം സംഭവിക്കുമ്പോഴും തർക്കവും, സംഘർഷവും തുടരുകയാണ്.