അവധി അവസാനിച്ചു; ശബരിമലയിൽ നടവരവ് എണ്ണൽ പുനരാരംഭിച്ചു
പത്തനംതിട്ട: ഇടവേളക്ക് ശേഷം ശബരിമലയിലെ നടവരവ് എണ്ണൽ പുനരാരംഭിച്ചു. നാണയങ്ങൾ എണ്ണാൻ 520 ജീവനക്കാരെ ചുമതലപ്പെടുത്തി. ഏകദേശം 20 കോടി രൂപയുടെ നാണയം ഇനിയും എണ്ണാനുണ്ടെന്നാണ് കണക്ക്. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം കഴിഞ്ഞിട്ടും ലഭിച്ച നാണയങ്ങൾ പൂർണമായും എണ്ണിയിട്ടില്ല. കഴിഞ്ഞ മകരവിളക്ക് സീസണിലെ വരുമാനം 351 കോടിയാണ്. നാണയങ്ങൾ എണ്ണിക്കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ കണക്കെടുപ്പ് നടത്താൻ കഴിയൂ.
ഭണ്ഡാര വരവായി ലഭിച്ച നാണയങ്ങളിൽ മൂന്നിലൊന്ന് എണ്ണിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അനന്തഗോപൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നാണയങ്ങൾ തുടർച്ചയായി എണ്ണുന്നത് മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജനുവരി 25 മുതൽ ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകിയിരുന്നു. ഈ ഇടവേളയ്ക്ക് ശേഷമാണ് നാണയങ്ങൾ എണ്ണുന്ന ജോലി ഇന്ന് മുതൽ പുനരാരംഭിച്ചത്. നാണയങ്ങൾ എണ്ണാൻ 6 ദിവസം കൂടി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.