ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണകേന്ദ്രം ഫെബ്രുവരി 6ന് പ്രവർത്തന സജ്ജമാകും
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി കർണാടകയിലെ തുമകുരുവിലെ ഗുബ്ബിയിൽ. 615 ഏക്കർ വിസ്തൃതിയുള്ള ഫാക്ടറി ഫെബ്രുവരി 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിക്കും. 2016ൽ മോദി തന്നെയാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. രാജ്യത്തിനു ആവശ്യമായ എല്ലാ ഹെലികോപ്റ്ററുകളും നിർമ്മിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിൽ സജ്‌ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനു കീഴിൽ ഫാക്ടറി സ്ഥാപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് (എൽ.യു.എച്ച്) ആദ്യഘട്ടത്തിൽ ഇവിടെ നിർമ്മിക്കുക. പിന്നീട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്റ്റർ (ഐഎംആർഎച്ച്) എന്നിവയും നിർമ്മിക്കും. തദ്ദേശീയമായി നിർമ്മിച്ച മൂന്ന് ടൺ സിംഗിൾ എഞ്ചിൻ മൾട്ടി പർപ്പസ് ഹെലികോപ്റ്ററാണ് എൽ.യു.എച്ച്.
ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികളും ഇവിടെ നടത്തും. നാലായിരത്തിലധികം ജോലികളിൽ നാലായിരത്തിലധികം പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. ഹെലി റൺവേ, എയർക്രാഫ്റ്റ് സ്റ്റോറേജ് സെന്‍റർ, എയർ ട്രാഫിക് കൺട്രോൾ തുടങ്ങിയുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.