സാധാരണക്കാരെയും പാവപ്പെട്ടവരെയും പ്രവാസികളെയും കൈയൊഴിയുന്ന ബജറ്റാണ് കേന്ദ്ര-കേരള സര്‍ക്കാരുകളുടേതെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ കുറ്റപ്പെടുത്തി
മനാമ: സാധാരണക്കാരെയും പാവപ്പെട്ടവരെയും പ്രവാസികളെയും കൈയൊഴിയുന്ന ബജറ്റാണ് കേന്ദ്ര-കേരള സര്‍ക്കാരുകളുടേതെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ കുറ്റപ്പെടുത്തി.പ്രഖ്യാപനങ്ങളുടെ പെരുമഴയത്തും രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും നിസ്സഹായരായ പാവപ്പെട്ടവരെയും രാഷ്ട്രത്തിനു വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെയും പൂര്‍ണമായും മറന്നതിന് എന്തു ന്യായീകരണമാണ് സര്‍ക്കാറുകള്‍ നല്‍കാന്‍ പോകുന്നതെന്ന് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ചോദിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങി വാഗ്ദാനങ്ങള്‍ മാത്രമായി മാറുമ്ബോള്‍ പൊതുജന ജീവിതം ദുരിതക്കയത്തില്‍ മുങ്ങുകയാണ്. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ കേരളത്തിലും രാജ്യത്ത് ഒന്നടങ്കവും പ്രതിഷേധം ഉയരണമെന്നും പ്രസ്‍താവനയില്‍ പറഞ്ഞു.
ജനദ്രോഹ ബജറ്റ് പിന്‍വലിക്കണം -ഒ.ഐ.സി.സി
മനാമ: വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നികുതിനിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ബഹ്‌റൈന്‍ ഒ.ഐ.സി.സി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡീസലിനും പെട്രോളിനും അധിക നികുതി ഈടാക്കാനുള്ള തീരുമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. അരിയും പച്ചക്കറിയും പാലും പഴങ്ങളും അടക്കം എല്ലാ സാധനങ്ങള്‍ക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ ഡീസലിന്റെ വിലയില്‍ വരുത്തുന്ന ഓരോ പൈസയുടെയും വര്‍ധന ജനജീവിതം ദുഷ്കരമാക്കും.
പ്രവാസികള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന പെന്‍ഷന്‍ വര്‍ധന ഈ ബജറ്റിലും ഇല്ല എന്നത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന വഞ്ചനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും വര്‍ധന പ്രഖ്യാപിച്ചതാണ്. പ്രവാസികളെ സഹായിച്ചു എന്ന് കാണിക്കാന്‍ എയര്‍ടിക്കറ്റ് നിരക്ക് വര്‍ധന പരിഹരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പക്ഷേ, ഈ തുക എങ്ങനെ വിനിയോഗിക്കുമെന്ന് ഒരു നിര്‍ദേശവും ഇല്ല. പ്രവാസികളില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും കമ്ബനികളാണ് ടിക്കറ്റ് നല്‍കുന്നത്.
ടിക്കറ്റ് കൊടുക്കുക എന്നത് കമ്ബനികളുടെ ഉത്തരവാദിത്തമാണ്. വിസയും മറ്റു സൗകര്യവും ഇല്ലാത്ത ആളുകളെ സഹായിക്കുക എന്നത് എംബസിയുടെ ചുമതലയാണ്. ടിക്കറ്റിനുവേണ്ടി മാറ്റിവെച്ചിട്ടുള്ള തുക പാവപ്പെട്ട പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും ചികിത്സക്ക് മാറ്റിവെച്ചിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനമാകുമായിരുന്നു. പ്രവാസികളോടൊപ്പം നാട്ടിലെ പാവപ്പെട്ട ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേരള ബജറ്റ് പ്രവാസികള്‍ക്ക് ആശാവഹം
മനാമ: കേരളം കോവിഡിന്റെ വെല്ലുവിളികളെ ധീരമായി അതിജീവിച്ചെന്നും ഒടുവില്‍ വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് മടങ്ങിയെത്തിയെന്നും കേരളം കടക്കെണിയിലല്ലെന്നും ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ട ധനമന്ത്രി അഭിപ്രായപ്പെട്ടത് പ്രത്യാശക്ക് ഇടനല്‍കുന്നതാണ്. പ്രവാസി സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണ്.
പ്രവാസികളുടെ യാത്ര ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പാക്കാനാണ് ബജറ്റിലെ നിര്‍ദേശം. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ അഞ്ച് കോടിയുടെ പദ്ധതി, നൈപുണ്യ വികസനത്തിന് 84.6 കോടി എന്നിവയും പ്രവാസികളായ സാധാരണക്കാര്‍ക്ക് വളരെയധികം ആശാവഹമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ക്കും നിക്ഷേപ സാധ്യതകള്‍ക്കും ഉത്തേജനം നല്‍കുന്നതിനുമുള്ള ‘മേക് ഇന്‍ കേരള’ പദ്ധതി ദീര്‍ഘമായ കാഴ്ചപ്പാടോടെ കേരളം കെട്ടിപ്പടുക്കാന്‍ സഹായകമാകും എന്നുതന്നെ വിശ്വസിക്കുന്നു.
കേന്ദ്ര-സംസ്ഥാന ബജറ്റ്നി രാശജനകം -രാജു കല്ലുംപുറം
മനാമ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ബജറ്റ് ജനദ്രോഹപരവും പാവപ്പെട്ട ആളുകളുടെ ജീവിതം കൂടുതല്‍ ദുര്‍ഘടമാക്കുന്നതുമാണെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. വിലക്കയറ്റംമൂലം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുന്ന സമയത്ത് വീണ്ടും കൂടുതല്‍ നികുതിനിര്‍ദേശങ്ങള്‍ ജനജീവിതം ദുഷ്കരമാക്കും. സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തു തീരുമാനവും എടുക്കാമെന്നാണ് ഭരണാധികാരികള്‍ കരുതുന്നതെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ തെരുവില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.