ശനിയെ പിന്തള്ളി ഉപഗ്രഹങ്ങളുടെ രാജാവായി വ്യാഴം; 12 പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തി
വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഉപഗ്രഹങ്ങളുടെ രാജാവെന്ന പദവിയിലേക്ക്. വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങൾ കൂടി ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതോടെ ശനിയെ പിന്തള്ളി വ്യാഴം ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം നേടി. വ്യാഴത്തിന് 92ഉം ശനിക്ക് 83 ഉപഗ്രഹങ്ങളുമാണുള്ളത്.
വാഷിങ്ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസിലെ ജ്യോതിശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേർഡാണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. ഉപഗ്രഹങ്ങളുടെ സ്ഥിരീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മൈനർ പ്ലാനറ്റ് സെന്‍റർ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് വ്യാഴവും അതിന്‍റെ ഉപഗ്രഹങ്ങളും സംയോജിക്കുമ്പോൾ ഒരു ചെറിയ സൗരയൂഥം പോലെയാണ് കാണപ്പെടുന്നത്.
പുതുതായി കണ്ടെത്തിയ 12 ചെറിയ ഉപഗ്രഹങ്ങൾ വ്യാഴത്തെ പരിക്രമണം ചെയ്യുന്നതിൽ 340 ദിവസം വരെ വ്യത്യാസമുണ്ട്. ഇവയിൽ ഒമ്പതെണ്ണം വിദൂര ഭ്രമണപഥത്തിലൂടെ പരിക്രമണം ചെയ്യുന്നു. ഈ ഉപഗ്രഹങ്ങളിൽ ഏറ്റവും പുറമേയുള്ളത് വ്യാഴത്തെ പരിക്രമണം ചെയ്യാൻ 550 ദിവസമെടുക്കും.