കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് കത്തിലൂടെ
കൊല്ലം: കൊല്ലം കളക്ടറേറ്റിൽ കത്തിലൂടെ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ല.
തപാൽ മാർഗം കൊല്ലം കളക്ടറുടെ പേരിലാണ് ബോംബ് ഭീഷണിക്കത്ത് ലഭിച്ചത്. കളക്ടറേറ്റിൽ ഏഴിടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2.20 നും 2.21 നും ഇടയിൽ അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. പൊലീസും ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി കളക്ടറേറ്റ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും മാറ്റി പരിശോധന ആരംഭിച്ചു. വിശദമായ പരിശോധനയിൽ ബോംബോ മറ്റ് അസാധാരണ വസ്തുക്കളോ കണ്ടെത്തിയില്ല.
മുമ്പും സമാനമായ രീതിയിൽ കത്തുകൾ കളക്ടറേറ്റിൽ എത്തിയിട്ടുണ്ട്. തുടർന്ന് എ.ഡി.എം യോഗം വിളിച്ച് ഓഫീസിലെ ആർക്കെങ്കിലും ഇത്തരം കാര്യങ്ങളിൽ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു ശേഷം കുറച്ചുകാലം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം രജിസ്റ്റർ ചെയ്ത് അയച്ചത്. ചന്ദനത്തോപ്പ് സ്വദേശിയായ ഒരാളുടെ പേര് അതിലുണ്ട്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.