‘നേർക്കാഴ്ച’യിലൂടെ പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകള്‍; പേവിഷ വാക്സീൻ തദ്ദേശീയമായി നിർമിക്കും
തിരുവനന്തപുരം: ‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നേർക്കാഴ്ച പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 25 പുതിയ നഴ്സിംഗ് കോളേജുകൾ തുടങ്ങാൻ ബഡ്ജറ്റിൽ തീരുമാനമായി. ഇടുക്കി, വയനാട് മെഡിക്കൽ കോളേജുകൾ, താലൂക്ക്, ജനറൽ ആശുപത്രികൾ എന്നിവയുമായി സഹകരിച്ചാണ് പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ 25 ആശുപത്രികളിലാണ് പ്രവർത്തനം ആരംഭിക്കുക . ഇതിനായി 20 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
പൊതുജനാരോഗ്യ മേഖലയ്ക്ക് 2828.33 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഉറപ്പാക്കും. പകർച്ചവ്യാധി പ്രതിരോധത്തിന് 11 കോടി രൂപ വകയിരുത്തി. പേവിഷബാധയ്ക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.