അര്‍ധരാത്രി നൈറ്റി ധരിച്ച് കവര്‍ച്ച നടത്താനിറങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു
മൂവാറ്റുപുഴ: അര്‍ധരാത്രി നൈറ്റി ധരിച്ച് കവര്‍ച്ച നടത്താനിറങ്ങിയ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.
അടിമാലി ചാറ്റുപാറ അയ്യപ്പന്‍തട്ടേല്‍ മനീഷിനെയാണ് (38) ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയത്.
രണ്ടാര്‍കരയില്‍ വ്യാഴാഴ്ച പുലര്‍ച്ച ഒന്നോടെയാണ് സംഭവം. രണ്ടാര്‍കര ദര്‍ശന നഗര്‍ കുരുപ്പത്തടത്തില് നസീമ മൂസയുടെ വീട്ടിലാണ് കവര്‍ച്ചാശ്രമം. ഉറക്കമുണര്‍ന്ന ഇവര്‍ ബഹളം വെച്ചതോടെ മോഷ്ടാവ് ഇറങ്ങിയോടി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പിന്നാലെയോടി സരിത അംഗന്‍വാടിക്ക് സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇതോടൊപ്പം കുറ്റ്യാനിക്കല്‍ അലി, കല്ലറക്കകുടി ബിബിന്‍ എന്നിവരുടെ വീട്ടിലും ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു. അലിയുടെ വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ കുറ്റി തകര്‍ത്തെങ്കിലും അകത്ത് കയറാനായില്ല. നൈറ്റി ധരിച്ചാണ് ഇയാള്‍ മോഷണത്തിനെത്തിയത്. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മൂവാറ്റുപുഴ പൊലീസിന് കൈമാറി.