കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്റ് എക്‌സ്ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവെച്ചത് വിദ്യാര്‍ഥികള്‍ക്കു വലിയ പ്രതീക്ഷ നല്‍കുന്നു
കോഴിക്കോട് | കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്റ് എക്‌സ്ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവെച്ചത് വിദ്യാര്‍ഥികള്‍ക്കു വലിയ പ്രതീക്ഷ നല്‍കുന്നു.വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനായുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതില്‍ ഈ പദ്ധതി വലിയ പ്രയോജനം ചെയ്യുമെന്നാണു കരുതുന്നത്.
കഴിഞ്ഞ ബജറ്റില്‍ ഇതിനുള്ള ചുവടുവയ്പ്പുകള്‍ ആരംഭിച്ചിരുന്നു.
കേരളത്തിന്റെയും ലാറ്റിനമേരിക്കയുടെയും സാധ്യതകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ലാറ്റിനമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. ലാറ്റിനമേരിക്കന്‍ സെന്ററിന്റെ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പദ്ധതികള്‍ക്കുമായി രണ്ടു കോടി രൂപയായിരുന്നു കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്.
സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിക്ക് ഇത്തവണ 10 കോടി വകയിരുത്തിയതോടെ പദ്ധതി വിപുലപ്പെടുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
ഉന്നത വിദ്യാഭ്യാസരംഗത്തെ ഗവേഷണ വിജ്ഞാന മേഖലകളില്‍ ഫ്രാന്‍സിലെ വിവിധ സര്‍വകലാശാലകളുമായി സഹകരിക്കാനും സംയുക്ത സംരഭങ്ങള്‍ ആരംഭിക്കുവാനും എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല തുടക്കമിട്ടിട്ടുണ്ട്.ഇത്തരം പദ്ധതികള്‍ ഇതര സര്‍വകലാശാലകളിലേക്കു വിപുലപ്പെടുത്തുന്നതിനും ബജറ്റ് പ്രഖ്യാപനം പ്രോത്സാഹനം നല്‍കും.