കേരള ബജറ്റ് ഇന്ന്; സ്ത്രീ ഉന്നമനത്തിന് ഊന്നൽ നൽകിയേക്കും, ഇത്തവണയും പേപ്പർ രഹിതം
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ നികുതിഭാരം കൂടി ഏർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസ്, പിഴത്തുക, മോട്ടോർ വാഹന നികുതി എന്നിവ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും.
സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗസമത്വത്തിനും ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്നു. ബജറ്റ് പ്രസംഗത്തിന്‍റെ കവർ ചിത്രമായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് വിവരം. ക്ഷേമപെൻഷനിൽ 100 രൂപ വർദ്ധിപ്പിക്കുന്ന കാര്യവും ധനമന്ത്രിയുടെ പരിഗണനയിലുണ്ട്.
ഇന്ധനത്തിനൊപ്പം പുതിയ സെസും ഏർപ്പെടുത്താനുള്ള ശുപാർശ ധനവകുപ്പിന് ലഭിച്ചിരുന്നെങ്കിലും നടപ്പാക്കിയാൽ ജനരോഷം ഉണ്ടാകുമെന്ന് സർക്കാർ ഭയപ്പെടുന്നു. കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരുന്ന തുകയിൽ 25,000 കോടി രൂപയെങ്കിലും അടുത്ത വർഷം കുറയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഇത് നികത്താൻ ബജറ്റിൽ പരമാവധി വരുമാനം ഉറപ്പാക്കും. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും ബജറ്റ് പേപ്പർ രഹിതമായിരിക്കും. ബജറ്റ് വിവരങ്ങളും രേഖകളും സംസ്ഥാന സർക്കാർ നിർമിച്ച ‘കേരള ബജറ്റ്’ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമായിരിക്കും.