അദാനി വിഷയം സുപ്രീംകോടതിയോ പാര്‍ലമെന്ററി കമ്മിറ്റിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പ്രതിസന്ധിയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. വിഷയത്തിൽ ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി (ജെപിസി) അന്വേഷണമോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
അന്വേഷണത്തിന്‍റെ ദൈനംദിന റിപ്പോർട്ട് ലഭ്യമാക്കണമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പൊതുതാൽപ്പര്യം കണക്കിലെടുത്താണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രതിപക്ഷം പാർലമെന്‍റിൽ യോഗം ചേർന്ന് അദാനി വിഷയം പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. വിഷയത്തിൽ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് പ്രതിപക്ഷം സഭകളിൽ ബഹളം വയ്ക്കുകയും ഇതേതുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെക്കുകയും ചെയ്തിരുന്നു.