ഇനി പിടിവീഴും; ‘ലെയ്ന്‍ ട്രാഫിക്’ നിയമം തെറ്റിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ എംവിഡി
തിരുവനന്തപുരം: ദേശീയപാതയിൽ ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ബോധവൽക്കരണ ഘട്ടവും മുന്നറിയിപ്പ് ഘട്ടവും കഴിഞ്ഞതോടെ പിഴ ചുമത്താനുള്ള നടപടികളിലേക്ക് എൻഫോഴ്സ്മെന്‍റ് വകുപ്പ് കടക്കുകയാണ്. ‘ലെയ്ന്‍ ട്രാഫിക്’ നിയമം തെറ്റിക്കുന്നവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കും.
ഇതിന്‍റെ ആദ്യപടിയായി വാളയാർ മുതൽ ആലുവ വരെയുള്ള പാതയിൽ ചൊവ്വാഴ്ച പരിശോധന ആരംഭിച്ചു. വലിയ വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ലെയ്ൻ ട്രാഫിക് നിയമമനുസരിച്ച്, യാത്ര ഇടതുവശത്തൂകൂടി മാത്രമേ പാടുള്ളൂ. വാഹനങ്ങളെ മറികടക്കാന്‍ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാവൂ. ജനുവരി 7 മുതൽ ട്രാക്ക് ലംഘിക്കുന്നവരെ ബോധവത്കരിക്കുകയും പിന്നീട് താക്കീത് നൽകുകയും ചെയ്തിരുന്നു.
2022 ഒക്ടോബറിൽ വാളയാർ-വടക്കാഞ്ചേരി നാലുവരിപ്പാതയിൽ അഞ്ചുമൂർത്തിമംഗലത്ത് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടമുണ്ടായിരുന്നു. ലെയ്ന്‍ ട്രാഫിക് പാലിക്കാതിരുന്നതായിരുന്നു അപകട കാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതോടൊപ്പം ലെയ്ൻ ട്രാഫിക് ആക്ട് നടപ്പാക്കാൻ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയും കർശന നിർദ്ദേശം നൽകിയിരുന്നു. ദേശീയ, സംസ്ഥാന പാതകളിലാണ് അപകടങ്ങൾ കൂടുതലെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണക്ക്.