സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിച്ചില്ല: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസും റെയിൽ വികസനവും ഇല്ലാത്തത് നിരാശാജനകമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കാത്തതിന് കേന്ദ്രത്തെ വിമർശിച്ചു. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധനത്തിന്‍റെ കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രാദേശിക സമതുലിതാവസ്ഥ പാലിക്കുന്നില്ല എന്നതാണ് ബജറ്റിലെ സമീപനം. കേരളത്തിന്‍റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബഡ്ജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേരളത്തിന്‍റെ റെയിൽ വികസനത്തെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് നിരാശാജനകമാണ്.
2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ധനക്കമ്മി സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. വൈദ്യുതി വിതരണ മേഖലയിലെ 3 % സാധാരണ പരിധിയും 0.5 % പരിഷ്കാരങ്ങളും നടപ്പാക്കണമെന്ന വ്യവസ്ഥയ്ക്ക് പുറത്താണിത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടില്ല. കോവിഡിന്‍റെ ആഘാതത്തിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും അനുവദിക്കണം. അതും പരിഗണിക്കപ്പെട്ടിട്ടില്ല.