തീവ്ര ന്യുനമർദ്ദം ഇന്ന് വൈകിട്ട് ശ്രീലങ്കൻ തീരത്തെത്തും; കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നു. പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം ഇന്ന് (ഫെബ്രുവരി 1) വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെത്താൻ സാധ്യത. തൽഫലമായാണ് മഴ.
ഫെബ്രുവരി 1 മുതൽ 4 വരെ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് ജില്ലാ കളക്ടർ അറിയിപ്പ് നൽകിയിട്ടുണ്ട്.