സതീശന് പിന്നാലെ 8 മന്ത്രിമാർക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതേ വിഭാഗത്തിൽപ്പെട്ട കാർ വാങ്ങിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് കാറുകൾ വീണ്ടും വാങ്ങുന്നത്.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എൻ ബാലഗോപാൽ,കൃഷി മന്ത്രി പി പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ തുടങ്ങിയവർക്കാണ് പുതിയ കാറുകൾ. ഇതോടൊപ്പം ചിഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയിട്ടുണ്ട്.
2021 മെയ് മാസത്തിൽ മന്ത്രിമാർക്ക് അനുവദിച്ച ഔദ്യോഗിക വാഹനങ്ങൾ ഒരു ലക്ഷം മുതൽ 1.5 ലക്ഷം കിലോമീറ്റർ വരെ ഓടിയിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസിന്‍റെ കീഴിലുള്ള ടൂറിസം വകുപ്പിനാണ് ഔദ്യോഗിക വാഹനങ്ങളുടെ സംഭരണ ചുമതല. ധനമന്ത്രി ബാലഗോപാൽ ഒഴികെ മറ്റെല്ലാവർക്കും ടൂറിസം വകുപ്പിൽ നിന്ന് പുതിയ വാഹനം വാങ്ങി.