ഇടുക്കി ജില്ലയിലെ കാട്ടാന വിഷയത്തില്‍ കലക്‌ട്രേറ്റില്‍ നടന്ന മന്ത്രിതല യോഗത്തിലെ തീരുമാനങ്ങള്‍ തള്ളി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു
ഇടുക്കി: ഇടുക്കി ജില്ലയിലെ കാട്ടാന വിഷയത്തില്‍ കലക്‌ട്രേറ്റില്‍ നടന്ന മന്ത്രിതല യോഗത്തിലെ തീരുമാനങ്ങള്‍ തള്ളി കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുണാണ് നിരാഹാരം ആരംഭിച്ചത്.
കാട്ടാനകളെ ജനവാസ മേഖലയില്‍ നിന്നും പിടിച്ചു മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്‌തമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഡിസിസി പ്രസിഡന്‍റ് സി പി മാത്യു വ്യക്‌തമാക്കി. ഹൈറേഞ്ചില്‍ കാലങ്ങളായി തുടരുന്ന കാട്ടാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനം മന്ത്രിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സര്‍വ്വ കക്ഷി യോഗം ചേരുകയും കാട്ടാനകളെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്‌തിരുന്നു.
ഇതിനായി രണ്ട് ദിവസത്തിനുള്ളില്‍ വിദഗ്ദ്ധ സംഘം ഇടുക്കിയിലെത്തുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും കാട്ടാന ശല്യത്തിന്‍റെ ഗൗരവം ഉള്‍കൊള്ളാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും സി പി മാത്യു പറഞ്ഞു.
വനം മന്ത്രി ഇടുക്കിയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന ആവിശ്യം അംഗീകരിക്കാന്‍ തയാറായില്ല. നിരന്തരം ചര്‍ച്ചയും തീരുമാനങ്ങളും ഉണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും നടപടി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും സി പി മാത്യു കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി നടപടികളുമായി മുന്നോട്ട് പോകുമ്ബോള്‍ തീരുമാനങ്ങള്‍ അംഗീകരിക്കാതെ സമരവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്‍റെ ഭാഗമാണെന്നാണ് ഇടതു പക്ഷത്തിന്‍റെ ആരോപണം.