ആംബുലൻസുകളുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി
നെടുങ്കണ്ടം : ഹൈറേഞ്ചിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആംബുലൻസുകളുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു.
ആംബുലൻസിന്റെ കുറവുമൂലം കോവിഡ് രോഗികളെയും മറ്റ് ഗുരുതര രോഗങ്ങളുള്ളവരെയും യഥാസമയം ആശുപത്രിയിൽ എത്തിക്കാനാവുന്നില്ലെന്നാണ് പ്രധാന പരാതി. കൂടാതെ ആംബുലൻസ് ലഭിക്കാത്തതിനാൽ പലർക്കും അനുവദിച്ച സമയത്ത് കോവിഡ് പരിശോധനയ്ക്ക് എത്താനാവുന്നില്ല. ആംബുലൻസുകളുടെ ലഭ്യതക്കുറവുമൂലം നെടുങ്കണ്ടത്തെ കോവിഡ് സെന്ററിൽനിന്ന് കഴിഞ്ഞ ദിവസം രണ്ട് രോഗികളെ ഒരുമിച്ചാണ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ ആവശ്യങ്ങൾക്കായി 10 ആംബുലൻസുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയും സ്വകാര്യ വ്യക്തികളുടെയോ സംഘടനകളുടെയോ ആണ്.
ദിവസേന കോവിഡ് രോഗികളുെട എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ആംബുലൻസ് ആവശ്യവും കൂടിവരുകയാണ്. എന്നാൽ, കോവിഡ് രോഗികൾക്ക് ആംബുലൻസുകൾ മുൻഗണന നൽകുമ്പോൾ മറ്റ് രോഗികൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഡ്രൈവർ ക്യാബിനും പാസഞ്ചർ ക്യാബിനും വേർതിരിച്ചിരിക്കുന്നതിനാലാണ് ആംബുലൻസുകൾ നിരീക്ഷണത്തിൽ കഴിയുന്നവരെ സുരക്ഷിതമായി പരിശോധനകൾക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്. ഓട്ടോടാക്‌സി വാഹനങ്ങൾക്ക് ഇത്തരത്തിൽ വേർതിരിക്കാത്തതിനാൽ അവ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സ്വന്തമായി വാഹനമുണ്ടെങ്കിൽ അവർ സ്വയം വണ്ടിയോടിച്ച് പരിശോധനയ്ക്ക് എത്തുന്നതിന് അനുവദിക്കുന്നുണ്ട്. എന്നാൽ, ഡ്രൈവിങ് അറിയാത്തവരെയും പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ പരിശോധനയ്ക്ക് എത്തിക്കാൻ ആംബുലൻസിന്റെ സേവനം കൂടിയേ തീരൂ. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മേഖലയിലെ ആംബുലൻസുകളുടെ കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം.