ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം; കേരള വിസിയോട് റിപ്പോർട്ട് തേടി ഗവർണർ
തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വി.സിയോടാണ് റിപ്പോർട്ട് തേടിയത്. ഗവേഷണ പ്രബന്ധത്തിലെ പിഴവ് കേരള സർവകലാശാല പരിശോധിക്കും. പരാതികൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ കേരള സർവകലാശാല വി.സിക്ക് കൈമാറും.
ഗവേഷണ പ്രബന്ധത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്ത ജെറോം ഇന്ന് രംഗത്തെത്തിയിരുന്നു. നോട്ടപ്പിശകിനെ പര്‍വതീകരിച്ചാണ് വിവാദം ഉടലെടുത്തതെന്നും പ്രബന്ധം തിരുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും ചിന്ത ഇന്ന് പറഞ്ഞിരുന്നു. ഗവേഷണ പ്രബന്ധത്തിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ ചിന്തയുടെ പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചേക്കും. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട രണ്ട് ആരോപണങ്ങളിൽ ആദ്യത്തേതിൽ, ചിന്ത തെറ്റ് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ കോപ്പിയടിയെന്ന രണ്ടാമത്തെ ആരോപണം നിരസിക്കുകയും ആശയം പകർത്തിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം പോലും നടത്തിയെന്നും ചിന്ത പറഞ്ഞു.
ചങ്ങമ്പുഴയുടെ പ്രശസ്തമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ഗുരുതരമായ പിശകാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ബോധി കോമൺസ് എന്ന വെബ്സൈറ്റിലെ ഒരു ലേഖനം കോപ്പിയടിച്ചതായി ആരോപണം ഉയർന്നിരുന്നു. ചിന്തയുടെ ഡോക്ടറേറ്റും ഗൈഡായിരുന്ന മുൻ പ്രോ വി.സി അജയകുമാറിന്‍റെ ഗൈഡ്ഷിപ്പും റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഗവർണർക്കും കേരള വി.സിക്കും പരാതി നൽകിയിട്ടുണ്ട്.