കാട്ടാന ശല്യം നിയന്ത്രിക്കാന്‍വയനാട്ടില്‍ നിന്ന് സംഘമെത്തും: വനം മന്ത്രി
ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍.
വന്യജീവി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് ദിവസത്തിനകം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ സ്പെഷ്യല്‍ ടീമിനെ ഇടുക്കിയിലെത്തിക്കും. അക്രമകാരികളായ ആനകളെ നിരീക്ഷിക്കുകയും ആവശ്യമായ തുടര്‍ നടപടികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യും.
കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ശാന്തന്‍പാറ അയ്യപ്പന്‍കുടി സ്വദേശി താത്കാലിക വാച്ചര്‍ ശക്തിവേലിന്റെ മൃതദേഹത്തോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനാദരവ് കാണിച്ചതായി ആരോപണം ഉയര്‍ന്നതില്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണം. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ റേഷന്‍സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ഇതിനായി കളക്ടറുടെ നേതൃത്വത്തില്‍ നാളെ (01) ശാന്തന്‍പാറ പഞ്ചായത്തില്‍ യോഗം ചേരും.
വന്യജീവി ആക്രമണം നേരിടുന്ന ജനവാസ മേഖലകള്‍ക്ക് ചുറ്റും 21 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും. ഇത്തരം മേഖലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് ഇടുക്കി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും കാമറകളും സ്ഥാപിക്കും. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ട ശക്തിവേലിന്റെ അവിവാഹിതയായ മകള്‍ക്ക് വനംവകുപ്പില്‍ അനുയോജ്യമായ ജോലി നല്‍കും.
വന്യജീവി ശല്യം നേരിടുന്നതിന് നിലവിലുള്ള റാപിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ ആര്‍ ടി) കൂടാതെ താല്‍കാലികമായി അധിക ആര്‍ ആര്‍ ടികള്‍ സജ്ജ്മാക്കും. വന്യജീവി ആക്രമണങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എംഎല്‍എ മാരായ എം. എം മണി, വാഴൂര്‍ സോമന്‍, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ്, ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, വനംവകുപ്പ് നോഡല്‍ ഓഫീസര്‍ അരുണ്‍ ആര്‍. എസ്., വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.വി വര്‍ഗീസ്, കെ. സലിംകുമാര്‍, സി.പി മാത്യു, കെ കെ ജയചന്ദ്രന്‍, ജോസ് പാലത്തിനാല്‍, പി രാജന്‍, അനില്‍ കൂവപ്ലാക്കല്‍, എംഎല്‍ ജയചന്ദ്രന്‍, ആമ്പല്‍ ജോര്‍ജ്, എം ജെ ജേക്കബ്, കെ.എന്‍ റോയി, എം കെ പ്രിയന്‍, പി കെ ജയന്‍, സിബി മൂലപ്പറമ്പില്‍, സിനോജ് വള്ളാടി, അരുണ്‍ പി മാണി, എംഡി അര്‍ജുനന്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ്തല മേധാവികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.