വാഴ, പച്ചക്കറി കൃത്യതാ കൃഷിക്ക്അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാ കൃഷിയിലൂടെ(പ്രിസിഷന്‍ ഫാമിങ്) വിളയിക്കാന്‍ 55 ശതമാനം വരെ സബ്സിഡി നല്കുന്ന പദ്ധതിയിലേക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി, ധര്‍മ്മഗിരി ജില്ലകളില്‍ പച്ചക്കറി കൃഷിയില്‍ വന്‍ വിള വര്‍ധന സാധ്യമാക്കിയ ഇസ്രായേല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള കൃഷി രീതിയാണിത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, രാഷ്ട്രീയ കൃഷി വികാസ് യോജനപദ്ധതി വഴിയാണ് ജില്ലയില്‍ പ്രസിഷന്‍ ഫാമിങ് വ്യാപിപ്പിക്കുന്നത്.
ഈ വര്‍ഷം 90 ഹെക്ടറില്‍ ഏത്തവാഴ കൃഷിയും 90 ഹെക്ടറില്‍ പച്ചക്കറികൃഷിയും ചെയ്യുന്നതിനാണ് സബ്സിഡി അനുവദിക്കുക. 10 സെന്റ് ഭൂമിയിലെങ്കിലും കൃഷി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ഏത്തവാഴ കൃഷിയ്ക്ക് ഒരു കര്ഷകന് 4 ഹെക്ടര്‍ വരെയും പച്ചക്കറി കൃഷിക്ക് ഒരു കര്ഷകന് 2 ഹെക്ടര്‍ വരെയും സബ്സിഡി ആനുകൂല്യം അനുവദിക്കുമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എബ്രഹാം സെബാസ്റ്റ്യന്‍ അറിയിച്ചു.
ഏത്തവാഴ കൃഷിക്ക് ഹെക്ടറിന് 96,000 രൂപ വരെയും പച്ചക്കറി കൃഷിക്ക് ഹെക്ടറിന് 91,000 രൂപ വരെയും സബ്സിഡി ലഭിക്കും. കൃത്യതാ കൃഷിയില്‍ താല്പര്യമുളള കര്‍ഷകര്‍ക്കായി ജില്ലാതലത്തില്‍ ഫെബ്രുവരി 16, 17, തീയതികളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കി രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സബ്സിഡി ബാങ്ക് അക്കൗണ്ടിലാണ് നല്‍കുക. താല്പര്യമുളള കര്‍ഷകര്‍ ഫെബ്രുവരി 10 നു മുന്‍പ് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം.