ഇടുക്കി പന്നിയാറില്‍ കാട്ടാന അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍
ഇടുക്കി പന്നിയാറില്‍ കാട്ടാന അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. സ്ഥലത്തെ റേഷന്‍ കട തര്‍ത്ത സാഹചര്യത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ആവശ്യമെങ്കില്‍ അവിടുത്തെ കുടുംബങ്ങള്‍ക്ക് റേഷന്‍ എത്തിച്ചു നല്‍കുമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട്ടിലെയും പാലക്കാട്ടെയും ദൗത്യത്തിന് നേതൃത്വം നല്‍കിയ ഡോ.അരുണ്‍ സക്കറിയയുടെ ടീമിനെ ഇടുക്കിയിലെത്തിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ശക്തി വേലിന്റെ മൃതദേഹത്തോട് അനാദരവുണ്ടായതായി പരാമര്‍ശമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തും. കൃത്യവിലോപം ബോദ്ധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.ജനവാസ മേഖലകള്‍ക്ക് സുരക്ഷ ഒരുക്കുവാന്‍ 21 കിലോ മീറ്റര്‍ ഹാങ്ങിഗ്സോളാര്‍ സിസ്റ്റം സ്ഥാപിക്കും. നിരീക്ഷണം ശക്തമാക്കാന്‍ പ്രധാന കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 3 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ത്രിതല പഞ്ചായത്തുകളുടെയും എം.എല്‍.എ ഫണ്ടുകളും ഉപയോഗിച്ച് മറ്റു മേഖലകളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എംഎം മണി, വാഴൂര്‍ സോമന്‍, കെ.രാജ, കളക്ര്‍ ഷീബ ജോര്‍ജ്, വനംവകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.