ആവാസ വ്യവസ്ഥയെ ബാധിക്കുന്ന തീപ്പിടുത്തം. ഭാരതപ്പുഴയോരത്തു നിന്ന് മായുന്ന ആറ്റചുവപ്പൻ.
ഭാരതപ്പുഴയിലെ ആവാസവ്യവസ്ഥയെ ബാധിക്കുന്നരീതിയില്‍ പുല്‍ക്കാടുകളില്‍ തീപ്പിടിത്തം. വേനല്‍ക്കാലമായതോടെ പട്ടാമ്പി, തൃത്താല മേഖലകളിലെ ഭാരതപ്പുഴയിലെ കുറ്റിക്കാടുകള്‍ക്ക് തീപ്പിടിക്കുന്നത് പതിവുകാഴ്ചയായി.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പട്ടാമ്പി പാലത്തിനുസമീപം രണ്ടുതവണ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു. ഒറ്റപ്പാലം ഭാഗത്തും സമാനസ്ഥിതിയാണ്. തൃത്താല വെള്ളിയാങ്കല്ല് പ്രദേശത്തും പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചിരുന്നു.
മണിക്കൂറുകളോളം കത്തിയശേഷമാണ് അണഞ്ഞത്. ഇത് പുഴയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ദേശാടകരായെത്തുന്ന പക്ഷികള്‍ക്കും തീപിടിത്തം ഭീഷണിയാവുന്നുണ്ടെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.ഭാരതപ്പുഴയുടെ കുറ്റിക്കാടുകളില്‍ ധാരാളമായി കാണുന്ന പക്ഷിയാണ് കുങ്കുമക്കുരുവി (ആറ്റചുവപ്പന്‍). വേനലായാല്‍ പുഴയോരത്ത് ഇവയെ സ്ഥിരമായി കാണാം. എന്നാല്‍, ഏഷ്യന്‍ വെറ്റ്‌ലാന്‍ഡ് വാട്ടര്‍ബേര്‍ഡ് സെന്‍സസിന്റെ ഭാഗമായി കഴിഞ്ഞദിവസം പാലക്കാട് നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി, ഭാരതപ്പുഴയുടെ വെള്ളിയാങ്കല്ല് ഭാഗത്ത് നടത്തിയ സര്‍വേയില്‍ കുങ്കുമക്കുരുവിയെ കണ്ടെത്താനായില്ല.
പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചതാണ് കാരണമെന്ന് പക്ഷിനിരീക്ഷകന്‍ ഷിനോ ജേക്കബ് കൂറ്റനാട് പറയുന്നു. രണ്ടുമാസംമുന്‍പ് നടന്ന സര്‍വേയില്‍ നിരവധി കുരുവികളെ കണ്ടിരുന്നു. വിവിധയിനം ദേശാടനപ്പക്ഷികള്‍ ഭാരതപ്പുഴയുടെ വിവിധ മേഖലകളില്‍ വിരുന്നെത്താറുണ്ട്. ഇവയെയൊന്നും കാണാനാവാത്ത സ്ഥിതിയാണ് ഇപ്പോള്‍.