പെഷാവർ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ ഭീകര സംഘടന
ഇസ്‌ലാമാബാദ്: പെഷാവറിലെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാൻ (ടിടിപി). പെഷാവറിലെ അതീവ സുരക്ഷയുള്ള പൊലീസ് ലൈൻസ് ഏരിയയിലെ പള്ളിയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. 157 പേർക്ക് പരിക്കേറ്റു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷവാറിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെ മുൻ നിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നു വീണു. നിരവധി പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പെഷാവർ പൊലീസിന്റെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ സ്ഥിരമായി 300 മുതൽ 400 വരെ പൊലീസുകാരുണ്ട്. സുരക്ഷാവീഴ്ചയുണ്ടായെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്നും പെഷാവർ പൊലീസ് മേധാവി ഇജാസ് ഖാൻ വ്യക്തമാക്കി.