കേരളത്തില്‍ പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി
കോഴിക്കോട്: കേരളത്തില്‍ പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി. വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്കൂള്‍, തൃശ്ശൂരിലെ ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റല്‍, മൂവാറ്റുപുഴ വര്ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.കണ്ണൂര്‍ പയ്യന്നൂരിലും കോട്ടയം പമ്ബാടിയിലും പശുക്കളിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.
വയനാട് ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്കൂളില്‍ എത്തി പരിശോധന നടത്തി. കുടിവെള്ള സാമ്ബിളും ശേഖരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും ചുരുക്കം ചില കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായാണ് വിവരം.
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയുണ്ടായി. ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതോടെ നൂറോളം നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തിലാണ്. ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വര്ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നഗരസഭ അടപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറുപേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.