ഗാന്ധിജിയുടെ ഓർമ്മയിൽ രാജ്യം; പുഷ്പാർച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: മഹാത്മാവിനെ അനുസ്മരിച്ച് രാജ്യം. ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
താൻ ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ ഓർമ്മിക്കുകയും ചെയ്യുന്നു. രാജ്യത്തെ സേവിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല. വികസിത ഇന്ത്യയ്ക്കായി പ്രവർത്തിക്കാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ സ്വച്ഛത, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങൾ പ്രാവർത്തികമാക്കുക എന്നതാണ് ഗാന്ധിജിയോടുള്ള യഥാർത്ഥ ആദരവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും അനുസ്മരിച്ചു.