സാമൂഹിക സുരക്ഷാ പെന്‍ഷന്‍; ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ ഒഴിവാക്കും
തിരുവനന്തപുരം: പ്രതിവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വരുമാനമുള്ളവരെ സാമൂഹ്യ സുരക്ഷാ പെൻഷനിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനവുമായി ധനവകുപ്പ്. ഇതിനായി പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും നിർദേശം നൽകി. സെപ്റ്റംബർ മുതൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പെൻഷൻകാരിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റുകൾ ശേഖരിക്കുന്നുണ്ട്. ഇത് ഫെബ്രുവരി 28 നകം സമർപ്പിക്കണം. വരുമാനം വിലയിരുത്തിയ ശേഷം പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. കുറഞ്ഞത് അഞ്ച് ലക്ഷം പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ.
ഇപ്പോള്‍ 50.5 ലക്ഷത്തോളം ആളുകളാണ് മാസം 1,600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. കൂടാതെ ഏഴ് ലക്ഷത്തിലധികം പേർ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരുമാണ്. ഇവർക്ക് വരുമാന പരിധി ബാധകമല്ല. പ്രതിമാസം 800 കോടി രൂപയാണ് പെൻഷനായി വേണ്ടിവരുന്നത്.
വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്ന നിയമം 2010 മുതൽ നിലവിലുണ്ട്. 2014ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 2014ൽ ഉമ്മൻചാണ്ടി സർക്കാർ വരുമാന പരിധി മൂന്ന് ലക്ഷമായി ഉയർത്തിയിരുന്നു. പത്ത് മാസത്തിന് ശേഷം സർക്കാർ തന്നെ ഇത് പിൻവലിച്ച് വീണ്ടും ഒരു ലക്ഷം രൂപയായി ക്രമപ്പെടുത്തി. ഇതോടെ പെൻഷൻകാർ വരുമാനത്തിന്‍റെ കാര്യത്തിൽ രണ്ട് തട്ടിലായി മാറി.