അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ
ജൊഹാനസ്ബർഗ്: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടി. പോച്ചഫ് സ്ട്രൂമിലെ സെവൻസ് പാർക്കിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ കൗമാരക്കാർ കിരീടം നേടിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ കന്നി ലോകകപ്പാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 17.1 ഓവറിൽ വെറും 68 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാ ബൗളർമാരും വിക്കറ്റ് വീഴ്ത്തി. ടിറ്റാസ് സാധു, അർച്ചന ദേവി, പർഷവി ചോപ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും മന്നത്ത് കശ്യപ്, ഷഫാലി വർമ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. റെയാന മക്ഡൊണാൾഡ് ഗേ (19) ആണ് ഇഗ്ലണ്ടിന്റെ ടോപ് സ്കോറർ. നിയാം ഹോളണ്ട് (10), അലെക്സ സ്റ്റോൺഹൗസ് (11), സോഫിയ സ്മെയിൽ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽ ക്യാപ്റ്റൻ ഷഫാലി വർമ്മയുടെ(15) വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ശ്വേത(5) ശെഹ്‌രാവത്തും പുറത്തായി. മൂന്നാം വിക്കറ്റിൽ സൗമ്യ തിവാരിയും (24*) ഗോങ്കടി തൃഷയും (24) ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. പതിമൂന്നാം ഓവറിൽ ഗോങ്കടിക്ക് പകരക്കാരക്കാരിയായി ഇറങ്ങിയ ഹൃഷിതാ ബസു (0*) പുറത്താകാതെ നിന്നു.