റോഡ് സംരക്ഷണഭിത്തി തകർന്നിട്ട് രണ്ടുവർഷം: ജീവൻ പൊലിഞ്ഞാലേ നന്നാക്കുകയുള്ളോ?
കുഞ്ചിത്തണ്ണി : ശ്രീനാരായണപുരം റിപ്പിൾ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിന്റെയും സമീപത്തെ പാലത്തിന്റെയും സംരക്ഷണഭിത്തി ഇടിഞ്ഞിട്ട് രണ്ടരവർഷം പിന്നിട്ടു. ഇതുവരെയും നന്നാക്കിയില്ല. അപകടവസ്ഥയിലായ റോഡിലൂടെയാണ് ദിവസവും നൂറുകണക്കിന് സഞ്ചാരികൾ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്.
ഡി.ടി.പി.സി. യുടെ നിയന്ത്രണത്തിലുള്ള ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. ഒരു കോടിയോളം രൂപ മുടക്കി ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിന് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയില്ല.
2018-ലെ പ്രളയകാലത്താണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുപോയത്.
അതോടൊപ്പം സമീപത്തെ ചെറിയ പാലത്തിന്റെയും സംരക്ഷണഭിത്തി തകർന്നു. റോഡ് അപകടാവസ്ഥയിലായി രണ്ടര വർഷം പിന്നിട്ടിട്ടും പുനർനിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും അധികാരികൾക്ക് സമയം കിട്ടിയിട്ടില്ല.
Source: Mathrubhumi News