വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ് ഗൗരവം: ലളിത ചങ്ങമ്പുഴ
തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയതിനാൽ ഉത്തരവാദിത്തപെട്ടവർ തെറ്റ് തുറന്നു പറയണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത. വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ് ഗൗരവമായി എടുക്കേണ്ടതെന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു.
മലയാളത്തിലെ പ്രശസ്തമായ കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുലയെ ചിന്ത തന്റെ പ്രബന്ധത്തിൽ ‘ വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നെഴുതിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. “വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസ്സിൽ കണ്ടാണോ കുട്ടി പ്രബന്ധം എഴുതിയതെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടായിരിക്കാം തെറ്റ് വന്നത്. കുട്ടിയെ കുറ്റം പറയാനാവില്ല. പ്രായമായവരാണെങ്കിലും അവർ ഇപ്പോഴും വിദ്യാർത്ഥി തന്നെയാണ്. എന്നാൽ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകരുത്. അത് തിരിച്ചെടുക്കണം. ഒരു തെറ്റ് ചെയ്തതിന് ആർക്കും വിഷമമില്ല. തെറ്റ് ചെയ്തവർ അത് തുറന്നു പറയണം എന്നും ലളിത പറഞ്ഞു.