ഡയാന രാജകുമാരിയുടെ വെൽവെറ്റ് ഗൗൺ ലേലത്തിൽ; വിറ്റത് 4.9 കോടി രൂപയ്ക്ക്
ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ വെൽവെറ്റ് ഗൗൺ ലേലത്തിൽ പോയത് 6 ലക്ഷം ഡോളറിന്. ഏകദേശം 4.9 കോടി രൂപ വിലവരുന്ന പർപ്പിൾ ഗൗൺ വെള്ളിയാഴ്ച ന്യൂയോർക്കിൽ ലേലം ചെയ്തു. പ്രമുഖ മൾട്ടിനാഷണൽ കമ്പനിയായ സോത്തെബീസാണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ചതിൻ്റെ അഞ്ചിരട്ടി തുകക്കാണ് വസ്ത്രം ലേലത്തിൽ പോയത്.
1991 ലെ ഒരു ഔദ്യോഗിക ചിത്രത്തിലും 1997 ൽ വാനിറ്റി ഫയർ ഫോട്ടോഷൂട്ടിലും ഡയാന ഈ ഗൗൺ ധരിച്ചിരുന്നു. 80,000 മുതൽ 120,000 ഡോളർ വരെയായിരുന്നു ഗൗണിനായി പ്രതീക്ഷിച്ചിരുന്ന വില. എന്നാൽ, ഇതിന് 604,800 ഡോളറാണ് ലഭിച്ചത്. ബ്രിട്ടീഷ് ഡിസൈനറായ വിക്ടർ എഡൽസ്റ്റീനാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്. 1989 ലെ ഓട്ടം കളക്ഷൻ്റെ ഭാഗമായാണ് ഈ വസ്ത്രം നിർമ്മിച്ചത്. വസ്ത്രത്തിന്‍റെ രൂപരേഖയ്ക്ക് കിരീടത്തിന്‍റെ ആകൃതിയുണ്ടായിരുന്നു. ഡയാന രാജകുമാരിയുടെ ദീർഘകാല വസ്ത്ര ഡിസൈനറായിരുന്നു എഡൽസ്റ്റൈൻ. 1982 മുതൽ 1993 വരെ എഡൽസ്റ്റീൽ ഡയാനയ്ക്കായി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തു.
1997 ൽ 24,150 ഡോളറിനാണ് ഈ വസ്ത്രം ആദ്യമായി ലേലത്തിൽ വിറ്റത്. ആ വർഷം ലേലത്തിൽ വിൽക്കാൻ ഡയാന തീരുമാനിച്ച കോക്ടെയ്ല്‍, ഈവനിങ് വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. ആ ലേലത്തിൽ നിന്നുള്ള പണം എയിഡ്സ് ക്രൈസിസ് ട്രസ്റ്റ് ആന്‍ഡ് റോയല്‍ മാര്‍സ്ഡെന്‍ ഹോസ്പിറ്റലിലേക്കാണ് നൽകിയത്