യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപ്രശ്നങ്ങളുടെ കുരുക്കുകള്‍ പിണറായി സര്‍ക്കാര്‍ അഴിച്ചുമാറ്റുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്നങ്ങളും പരിഹരിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സുതാര്യമാണ്. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി ബഫര്‍ സോണ്‍ വനമേഖലയില്‍ മാത്രമായി നിലനിര്‍ത്തും. പദ്ധതികളുടെ രണ്ടാംഘട്ട ഉദ്ഘാടകന്‍ എന്ന ചുമതല മാത്രമാണ് എംപിക്കുള്ളത്. മുന്‍ എംപി ജോയ്സ് ജോര്‍ജിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികളുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുക എന്നതാണ് പ്രധാന പരിപാടി. ബാഹുബലി പന വളച്ചതുപോലെ എംപിയും ചെറുതോണി പാലം വളച്ച് നിര്‍മിക്കാന്‍ നേതൃത്വം നല്കി.
യുഡിഎഫ് സര്‍ക്കാരുകള്‍ ഉപേക്ഷിച്ച പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത് ജനോപകാരപ്രദമായി നടപ്പാക്കിവരികയാണ്. കേന്ദ്രം ആനുകൂല്യങ്ങളെല്ലാം വെട്ടിക്കുറയ്ക്കുമ്പോഴും ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പശ്ചാത്തല വികസനം തുടങ്ങി എല്ലാ മേഖലകളിലും കേരളം രാജ്യത്തിന് മാതൃകയായി മാറിക്കഴിഞ്ഞു. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ക്രിസ്ത്യന്‍ വിഭാഗങ്ങളെ വേട്ടയാടുകയാണ്. ദേവാലയങ്ങളടക്കം ആക്രമിക്കപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ നിലനില്‍പ്പും ഭീഷണിയിലാണ്. രാജ്യത്ത് പട്ടിണി മരണങ്ങളടക്കം വര്‍ധിക്കുമ്പോള്‍, കോര്‍പ്പറേറ്റുകള്‍ മാത്രം സംരക്ഷിക്കപ്പെടുന്നു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാത്ത രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വെറും പ്രഹസനമായി മാറിയെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി.
ലോക്കല്‍ കമ്മിറ്റിയംഗം സാബു തോമസ് അധ്യക്ഷനായി. കട്ടപ്പന ഏരിയ സെക്രട്ടറി വി ആര് സജി, നേതാക്കളായ മാത്യു ജോര്‍ജ്, ടോമി ജോര്‍ജ്, കെ എന്‍ വിനീഷ്കുമാര്‍, കെ പി സുമോദ്, ഫൈസല്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.