മുട്ടത്ത് ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
തൊടുപുഴ : മുട്ടം പോലീസ് സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.ഒരാളെ അറസ്റ്റ് ചെയ്തു. അയൽവാസി ഉല്ലാസിനെയാണ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് വിശദീകരിച്ചു. ജനുവരി 23നാണ് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പത്ത് വർഷത്തോളമായി മുട്ടം പ്രദേശത്താണ് യേശുദാസ് താമസിക്കുന്നത്. കഴിഞ്ഞ ജനുവരി 19ന് യേശുദാസ് താമസിക്കുന്ന റൂമിൽ ഉല്ലാസെത്തി. ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ ഉല്ലാസിന്റെ അടിയേറ്റ് യേശുദാസ് മരിച്ചു. ഇതോടെ ഉല്ലാസ് സ്ഥലത്ത് നിന്നും മുങ്ങി. റൂമിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജനുവരി 23ന് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കീടനാശിനി കുപ്പി കൂടി കണ്ടതോടെ ആത്മഹത്യയെന്ന് പൊലീസ് സംശയിച്ചു.
എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശമില്ലെന്ന് വ്യക്തമായതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്.