മധ്യപ്രദേശിലെ യുദ്ധവിമാനാപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഉണ്ടായ വിമാനാപകടത്തിന് കാരണമെന്ന് അന്വേഷിക്കാൻ വ്യോമസേന. സുഖോയ് എസ് യു 30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ തകർന്ന് ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. മിറാഷ് വിമാനത്തിന്‍റെ പൈലറ്റാണ് മരിച്ചത്. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇരുവരും ചികിത്സയിലാണ്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്ന് പരിശീലനത്തിനായി പറന്നുയർന്ന വിമാനങ്ങളാണ് മൊറേനയിൽ തകർന്നുവീണത്.
ഉയർന്ന വേഗതയിൽ പറക്കുന്നതിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചിരിക്കാമെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ച നടത്തി അപകടത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പൈലറ്റുമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധ മന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അധികൃതർക്ക് നിർദ്ദേശം നൽകി.