മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്ന ഗോ ഫസ്റ്റ് വിമാനത്തിന് 10 ലക്ഷം പിഴ
ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരു വിമാനത്താവളത്തില്‍നിന്നും പറന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ടിക്കറ്റെടുത്ത് കാത്തുനിന്ന എല്ലാ യാത്രക്കാരെയും കയറ്റാതെയാണ് ജനുവരി 9ന് ബെംഗളൂരു-ഡല്‍ഹി വിമാനം പുറപ്പെട്ടത്. ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിനോടുള്ള എയർലൈനിന്‍റെ പ്രതികരണം വിശദമായി പരിശോധിച്ച ശേഷമാണ് പിഴ ചുമത്തിയത്.
വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ജീവനക്കാരും എയർപോർട്ട് ടെർമിനൽ കോർഡിനേറ്ററും തമ്മിൽ ആശയവിനിമയം നടത്തുന്നതിലുണ്ടായ വീഴ്ച അടക്കമുള്ളവ മൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് ഗോ ഫസ്റ്റ് വിശദീകരണം നല്‍കിയിരുന്നു. എന്നാൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ശരിയായി ക്രമീകരിക്കുന്നതിൽ അടക്കമുള്ളവയിൽ വിമാനക്കമ്പനിക്ക് വീഴ്ചയുണ്ടായതായി ഡിജിസിഎ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
വിമാനത്തിൽ കയറേണ്ടിയിരുന്ന യാത്രക്കാരെ നാലു ബസുകളിലായാണ് കൊണ്ടുപോയത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ ഒരു ബസിലെ അമ്പതോളം യാത്രക്കാർ കയറാനുള്ള ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യാത്രക്കാർ സോഷ്യൽ മീഡിയയിൽ വ്യാപക പരാതി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റുകള്‍. വിമാനത്തിൽ കയറാൻ കഴിയാത്തവരെ നാലു മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തിൽ കയറ്റി വിട്ടുവെന്നും പരാതി ഉയർന്നിരുന്നു.