അഭിമാന നേട്ടം; വീണ്ടും അന്താരാഷ്ട്ര അംഗീകാരം നേടി കേരള സ്റ്റാർട്ടപ്പ് മിഷൻ
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിൽ വീണ്ടും അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിൽ ലോകത്തിലെ മികച്ച അഞ്ച് പൊതു / സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. 2021-22ൽ 1895 സ്ഥാപനങ്ങളെ വിലയിരുത്തിയ ലോക ബെഞ്ച്മാർക്ക് പഠനത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം കൈവരിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു.
വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പ് സീഡ് ഫണ്ടിംഗ് സിസ്റ്റം തുടങ്ങിയ ഘടകങ്ങൾ ഈ അംഗീകാരം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബ് സ്ഥാപിച്ചും സർവകലാശാലകളിൽ ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിച്ചും നാടിൻ്റെ വളർച്ചയ്ക്കായി സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിലൂടെ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം എത്തിയിട്ടുണ്ട്. ഈ അംഗീകാരം സംരംഭകരുടെ നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.