മോഷണക്കുറ്റത്തിന് അറസ്റ്റിലായി; നല്ലനടപ്പിനെ തുടർന്ന് പൊലീസായി യുവാവ്
കണ്ണൂർ : ജീവിക്കാനുള്ള എല്ലാ മാർഗവും അടഞ്ഞതോടെയാണ് കോഴിക്കോട്ടുകാരനായ യുവാവ് മോഷണം ആരംഭിക്കുന്നത്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ പിടിക്കപ്പെട്ട് കോടതിയിലായി. കുടുംബ പശ്ചാത്തലം, മോഷണ സാഹചര്യം, എന്നിവ കണക്കിലെടുത്ത് നല്ലനടപ്പിന് അയക്കപ്പെട്ട യുവാവ് പഠനത്തിൽ മുഴുകി പി.എസ്.സി എഴുതി നേടിയത് പൊലീസ് ജോലി.
ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും, സമൂഹത്തിലെ ഇടപെടൽ, പൂർവ്വകാല ചരിത്രം എന്നിവയെല്ലാം പരിഗണിച്ചാണ് നല്ലനടപ്പിന് അയക്കുന്നത്. കുടുംബവുമായി സമൂഹത്തിൽ നന്നായി ജീവിക്കാനുള്ള അവസരമാണ് 1958 ലെ പ്രൊജേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ടിലെ നല്ലനടപ്പ് നൽകുന്നത്.
2022 ൽ സംസ്ഥാനത്തെ കോടതികൾ നല്ലനടപ്പിന് അയച്ച 582 പേരും ഇത് വരെ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ബൈക്ക് മോഷണത്തിന് പിടിക്കപ്പെട്ട് നല്ലനടപ്പിന് അയച്ച യുവാവ് ഇപ്പോൾ ഖത്തർ രാജാവിന്റെ കൊട്ടാരത്തിലെ ചിത്രകാരനാണ്. അങ്ങനെ നല്ലനടപ്പിലൂടെ മാനസാന്തരപ്പെട്ട് പുതുജീവിതം നയിക്കുന്ന നിരവധി ആളുകളുടെ കഥകൾ കേരള പൊലീസിന്റെ ഫയലിൽ ഉണ്ട്.