ജലാശയത്തിൽ വീണ നാല് വയസുകാരന്റെ മൃതദേഹം തിരികെ എത്തിച്ച് മുതല; അമ്പരന്ന് ഉദ്യോഗസ്ഥർ
ജാവ: കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ് കാണാതായ നാല് വയസുകാരന്റെ മൃതദേഹം തിരികെ കൊണ്ടുവന്ന് മുതല. ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെയാണ് നാല് വയസുകാരൻ ജലാശയത്തിൽ വീണത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു.
എന്നാൽ കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്ത് ചുമന്ന് ജലാശയത്തിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ ബോട്ടിനടുത്തെത്തിയ മുതല കുട്ടിയുടെ മൃതദേഹം വെള്ളത്തിൽ ഉപേക്ഷിച്ച് മടങ്ങി. ഉദ്യോഗസ്ഥർ ഉടൻ തന്നെ മൃതദേഹം വെള്ളത്തിൽ നിന്ന് കരയിലെത്തിച്ചു.
മുഹമ്മദ് സിയാദ് എന്ന നാല് വയസുകാരനാണ് മരിച്ചത്. ഈസ്റ്റ് കലിമന്‍റൺ സേർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അംഗങ്ങളാണ് രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്തിയത്. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിയാതായതോടെ എല്ലാവരും നിരാശരായി. അപ്പോഴാണ് മുതല ശരീരവുമായി ജലാശയത്തിലൂടെ കടന്നുവന്നത്. അത് എല്ലാവരെയും അതിശയിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ ഒരിടത്തും മുറിവുകളില്ലെന്നും അവയവങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കുട്ടി വീണ സ്ഥലത്ത് നിന്ന് ഒരു മൈൽ അകലെ നിന്നാണ് മുതല മൃതദേഹവുമായി എത്തിയത്.