പ്രധാന വാര്‍ത്തകള്‍
ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം; തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ഈ മാസം 30,31 ഓടെ ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.
കടുത്ത വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു.
കഴിഞ്ഞ ദിവസം മഡഗാസ്കറിന് സമീപം വീശിയടിച്ച ചുഴലിക്കാറ്റും തുടർന്നുണ്ടായ അന്തരീക്ഷ സാഹചര്യങ്ങളുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചത്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.