സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു പദ്ധതികൂടി കട്ടപ്പുറത്തായിരിക്കുകയാണ്
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു പദ്ധതികൂടി കട്ടപ്പുറത്തായിരിക്കുകയാണ്. കെ ഫോണിനും താമസിയാതെ ചരമക്കുറിപ്പ് അടിക്കേണ്ടി വരും. കുറെ കെ- പദ്ധതികളുമായി സര്‍ക്കാര്‍ പൊതുജനത്തെ പറ്റിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതുവരെ ഒന്നിനും ഫലം കണ്ടിട്ടില്ല എന്നതാണ് ചുരുക്കം.
കേന്ദ്രാനുമതി ലഭിക്കാതെ അതിവേഗ കെ റെയില്‍ ഇഴയുകയും സ്റ്റേഷന്‍ എത്തുംമുന്‍പ് നിന്നുപോവുകയും ചെയ്തതു പോലെ സര്‍ക്കാരിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ കെ ഫോണും ഇപ്പോഴിതാ വഴിമുട്ടി നില്‍ക്കുകയാണ്. കേന്ദ്രാനുമതി ഇല്ലാതെ കെ റെയില്‍ പദ്ധതി കട്ടപ്പുറത്തായപ്പോഴും കട്ട പ്രതീക്ഷയില്‍ തന്നെയായിരുന്നു കെ ഫോണ്‍ പദ്ധതി കൂടി പൊളിച്ചടുക്കാന്‍ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു തന്നെ ധാരാളം. 2017 ല്‍ പ്രഖ്യാപിച്ച പദ്ധതി 2023 ആയിട്ടും ഒന്നുമായിട്ടില്ല.
വൈദ്യുത വകുപ്പും , കേരളാ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡും സംയുക്തമായാണ് കെ ഫോണ്‍ ലിമിറ്റഡ് വഴി പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നല്‍കുന്ന കണ്‍സോഷ്യത്തിനാന് നടത്തിപ്പിനുള്ള കരാര്‍. ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ്കേബിള്‍, എസ്‌ആര്‍ഐറ്റിഎന്നീ കമ്ബനികളാണ് കണ്‍സോഷ്യത്തിലുള്ളത്.
കെ ഫോണ്‍ പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 10,000 സര്‍ക്കാര്‍ ഓഫീസുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുമെന്നും പറഞ്ഞിരുന്നു. 2022 ഡിസംബറോടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് കെഎസ്‌ഇബി വ്യക്തമാക്കിയിരുന്നത് .
സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്കേണ്ട ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കാന്‍ മൂന്നുമാസം മുന്‍പ് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും പകുതിപ്പേരുടെ പോലും പട്ടിക തയ്യാറായിട്ടില്ല. ആദ്യ ഘട്ടമെന്നോണം 14,000 പേര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ ആണ് തീരുമാനം. എന്നാല്‍ ഇതുവരെ 6589 പേരുടെ പട്ടിക മാത്രമേ തയ്യാറായിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണവകുപ്പുവഴിയാണ് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നുള്ള പട്ടിക വന്നുകൊണ്ടിരിക്കുന്നു എന്നാണ് കെ ഫോണ്‍ അധികൃതര്‍ ഇപ്പോഴും പറയുന്നത്.
കെ ഫോണ്‍ ലിമിറ്റഡിനുവേണ്ടി കോരള വിഷന്‍ ആണ് കണക്ഷനുകള്‍ നല്‍കുന്നത്. ഇതിനായി കേരളാ വിഷനുമായുള്ള ധാരണാപത്രം കെ ഫോണ്‍ അധികൃതര്‍ ഇതുവരെ ഒപ്പുവച്ചിട്ടുമില്ല. ഇതിനിടെ നിരവധി അന്വേഷണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കെ ഫോണ്‍ പദ്ധതി സാക്ഷിയായി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോട് എന്‍ഫോഴ്സ്മെന്‍റ് വിശദീകരണം തേടിയിരുന്നു.
വന്‍മുതല്‍മുടക്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെഫോണ്‍, ഇ – മൊബിലിറ്റി, ഡൗണ്‍ടൗണ്‍, സ്മാര്‍ട്സിറ്റി പദ്ധതികളെല്ലാം അന്വേഷണത്തിന്റെ നിഴലില്‍ തന്നെയാണ്. 1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടിവരുന്ന മൊത്തം ചെലവ് എന്നാണ് കണക്ക്. ഫെബ്രുവരി 3 ന് ഈ സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് അവതരണം നടക്കും. അപ്പോഴും സാധ്യമാകാത്ത കെ ഫോണ്‍ ഇനി എന്ന് നടക്കുമെന്ന് യാതൊരു ഉറപ്പും അധികൃതര്‍ നല്‍കുന്നുമില്ല. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെയോ പദ്ധതി നടത്തിപ്പിന് ഉത്തരവാദിത്വപ്പെട്ട അധികൃതരില്‍ നിന്നോ വിശദീകരണങ്ങള്‍ ഒന്നും ഇതുവരെയില്ല.