യുക്രൈനിൽ വീണ്ടും മിസൈൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
ക്വീവ്: യുക്രൈനിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കീവിലുണ്ടായ ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. യുക്രൈന് യുദ്ധ ടാങ്കുകൾ നൽകാമെന്ന് യുഎസും ജർമ്മനിയും വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ആക്രമണം.
ആക്രമണത്തിൽ 35 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ടിടത്ത് തീപിടിക്കുകയും ചെയ്തു. റഷ്യ 55 മിസൈലുകൾ വിക്ഷേപിച്ചതായും അതിൽ 47 എണ്ണം യുക്രൈൻ പ്രതിരോധ സേന വെടിവച്ചിട്ടതായും യുക്രൈൻ അറിയിച്ചു. യുക്രൈനിലെ പവർ പ്ലാന്‍റ് ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
യുക്രൈന് യുദ്ധ ടാങ്കുകൾ നൽകാമെന്ന യുഎസിന്‍റെയും ജർമ്മനിയുടെയും വാഗ്ദാനം റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. 31 അബ്രാംസ് യുദ്ധ ടാങ്കുകൾ നൽകുമെന്നാണ് യുഎസ് അറിയിച്ചത്. യുക്രൈന് യുദ്ധ ടാങ്കുകൾ വിതരണം ചെയ്യുന്നതിന് ജർമൻ ചാൻസലർ ഒലഫ് ഷോൾസും പച്ചക്കൊടി കാട്ടിയിരുന്നു. ബ്രിട്ടൻ ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുക്രൈനെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.