പുതുകാല പ്രതിസന്ധികളിൽ ആശങ്കിച്ചിരിക്കാതെ മുന്നേറണം: മന്ത്രി റോഷി അഗസ്റ്റിൻ
ജില്ലയുടെ സുവര്‍ണ ജൂബിലി സമാപന ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റ് വേദിയിൽ
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറിയ ജനതയാണ് ഇടുക്കിയിലേത്. കുടിയേറ്റ കാലഘട്ടം മുതൽ പലവിധ പ്രതിസന്ധികളെയും പിന്നീട് പ്രളയത്തെയും കോവിഡിനെയും വരെ അതിജീവിച്ച ജനതയാണിത്. ജില്ലയിലെ ഓരോ മേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിദ്യാഭ്യാസ – ആരോഗ്യമേഖലകളിലെ വികസന പുരോഗതി ശ്രദ്ധേയമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ജില്ലയിലുടനീളമുള്ളത്. ഇടുക്കി ജില്ല നേരിടുന്ന വിവിധങ്ങളായ ഭൂപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്. പുതിയ കാലത്തെ പ്രതിസന്ധികളിൽ ആശങ്കിച്ചിരിക്കാതെ മുന്നേറുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രശസ്ത സിനിമാതാരം ആസിഫ് അലി മുഖ്യാതിഥിയായി. ഇടുക്കി ജില്ലക്കാരനെന്ന നിലക്ക് ഈ സുവർണ ജൂബിലി വേദിയിൽ ഒരു സീറ്റ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ചിത്രീകരിച്ച എന്റെ എല്ലാ സിനിമകളും വിജയിച്ചിട്ടുണ്ട്. ജില്ലയുടെ ടൂറിസം മേഖലയുടെ പുരോഗതിയ്ക്ക് ബ്രാൻഡ് അംബാസിഡർ ആകാൻ തനിക്ക് താല്പര്യമുണ്ടന്നും വേദിയിലുള്ള മന്ത്രിയോട് താരം പറഞ്ഞു.
രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡല്‍ കരസ്ഥമാക്കിയ ചാക്കോ സി. വി യെ ചടങ്ങില്‍ മന്ത്രിയും ആസിഫ് അലിയും ചേർന്നു ആദരിച്ചു. കൂടാതെ പഴയകാല കുടിയേറ്റ കർഷകർ മുതൽ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിന് ജില്ലാ കളക്ടർ ഷീബ ജോർജ് സ്വാഗതം ആശംസിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റജി മുക്കാട്ട്, റീന സണ്ണി, ഷേർലി ജോസഫ്, സോണി ചൊള്ളാമഠം, വി എൻ പ്രഹ്‌ളാദൻ, എം എസ് ജോൺ, ചെറിയാൻ കട്ടക്കയം, ചിഞ്ചു ബിനോയ്, ജിന്റു ബിനോയ്, ജോസഫ് കുര്യൻ, സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ അനിൽ കൂവപ്ലാക്കൽ, ആർ രവീന്ദ്രൻ, സാജൻ കുന്നേൽ, സണ്ണി പൈമ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു.