കുടുംബശ്രീ സമൂഹത്തില്‍ വലിയ മാറ്റത്തിന്വഴിയൊരുക്കി: മന്ത്രി റോഷി അഗസ്റ്റിന്‍
കുടുംബശ്രീ സമൂഹത്തില്‍ സർവോൽമുഖമായ മാറ്റത്തിന് വഴിയൊരുക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബശ്രീ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ചുവട് 2023’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അയല്‍ക്കൂട്ട സംഗമത്തിന്റെ ഭാഗമായി ഇടുക്കി പാര്‍ക്കില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ കുടുംബങ്ങളില്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീ വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്. സ്ത്രീ പങ്കാളിത്തം നാടിന്റെ വികസനത്തിന് വലിയ കരുത്തേകി-മന്ത്രി പറഞ്ഞു.
ഉഷസ്സ് കുടുംബശ്രീ പ്രസിഡന്റ് ഷൈനി തോമസ് അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. അക്ഷര, ബ്ലെസ്സിങ്, ഉഷസ് എന്നീ കുടുംബശ്രീകളുടെ സംഗമമാണ് ഇടുക്കി പാര്‍ക്കില്‍ നടന്നത്. ജില്ലയിലെ 12,501 അയല്‍ക്കൂട്ടങ്ങളിലും അയല്‍ക്കൂട്ട സംഗമം നടത്തി.
25 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു.
കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാന, ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത്. ജനുവരി 26ന് ആരംഭിച്ച് മെയ് 17ന് പൂര്‍ത്തിയാകുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ പരിപാടികള്‍ക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. രജത ജൂബിലി ആഘോഷങ്ങള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കുകയും കേരളമാകെ അറിയിക്കുകയും ചെയ്യുക, പൊതുഇടങ്ങള്‍ സ്ത്രീകളുടേതു കൂടിയാണെന്നും അവരുടെ സാമൂഹിക സാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ചുവട് 2023 ന്റെ പ്രധാന ലക്ഷ്യം.
എസ് പി വി യു കുര്യാക്കോസ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, കുടുംബശ്രീ ജില്ല മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.