റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വൈവിധ്യമാർന്ന സാംസ്കാരികതകളെ തുല്യ പ്രാധാന്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സത്തയെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുന്നതിനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. രാജ്യത്തെ എല്ലാ പൗരൻമാരുടെയും അഭിപ്രായ സ്വാതന്ത്ര്യം, വിശ്വാസം, മതനിഷ്ഠ, ഭക്തി, ആരാധന എന്നിവക്കുള്ള സ്വാതന്ത്രം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്‍റെ മാതൃകാ സ്ഥാനമായി ഉയർത്തണം. ഭരണഘടനയുടെ പ്രാധാന്യം കണക്കിലെടുത്ത് മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാം. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.