തേനി-ബോഡി നായ്ക്കന്നൂര്‍ റെയില്‍ പാത അടുത്ത മാസം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനിച്ച് സതേണ്‍ റെയില്‍വേ
തേനി-ബോഡി നായ്ക്കന്നൂര്‍ റെയില്‍ പാത അടുത്ത മാസം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനിച്ച് സതേണ്‍ റെയില്‍വേ.ഇതോടെ, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ മൂന്നാര്‍, ഇടുക്കി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
തേനിയെ ബോഡിനായ്ക്കന്നൂരുമായി ബന്ധിപ്പിക്കുന്ന 15 കിലോമീറ്റര്‍ പാതയ്ക്ക് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അനുമതി നല്‍കിയതോടെ, ആഴ്ചയില്‍ മൂന്ന് ദിവസമുള്ള ചെന്നൈ സെന്‍ട്രല്‍-മധുര എയര്‍ കണ്ടീഷന്‍ഡ് എക്സ്പ്രസ് ബോഡിനായ്ക്കന്നൂര്‍ വരെ നീട്ടാനുള്ള നിര്‍ദ്ദേശത്തിന് റെയില്‍വേ ബോര്‍ഡും അംഗീകാരം നല്‍കിയിരുന്നു. 2022 മെയ് മാസത്തില്‍ മധുര-തേനി ലൈന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ട്രെയിന്‍ ബോഡിനായ്ക്കന്നൂര്‍ വരെ നീട്ടും.
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച മധുര-ബോഡി മീറ്റര്‍ ഗേജ് പാതയുടെ ബ്രോഡ് ഗേജ് പരിവര്‍ത്തന പദ്ധതി പൂര്‍ത്തീകരിക്കാന്‍ തേനിക്കും ബോഡിനായ്ക്കനൂരിനും ഇടയില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഡെക്കാണ് ഹെറാള്‍ഡിനോട് പറഞ്ഞു.2010ല്‍ മീറ്റര്‍ ഗേജ് ലൈന്‍ ബ്രോഡ്ഗേജാക്കി മാറ്റുന്നതിന്റെ പേരില്‍ മധുരയ്ക്കും ബോഡിനായ്ക്കന്നൂരിനും ഇടയിലുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു. മധുരയ്ക്കും തേനിക്കും ഇടയിലുള്ള 75.3 കിലോമീറ്റര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ 11 വര്‍ഷമെടുത്തു. 500 കോടി രൂപയാണ് പദ്ധതിക്ക് ചെലവായത്.
സേലം വഴി ആഴ്ചയില്‍ മൂന്ന് ദിവസമുള്ള ചെന്നൈ-മധുര എസി എക്സ്പ്രസ് ഫെബ്രുവരി 19 മുതല്‍ ബോഡിനായ്ക്കന്നൂര്‍ വരെ സര്‍വീസ് നീട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മധുരയില്‍ നിന്നുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
തേനിക്കും ബോഡിക്കും ഇടയിലുള്ള 15 കിലോമീറ്റര്‍ ദൂരം ഒമ്ബത് മിനിറ്റുകൊണ്ട് ഓടിത്തീര്‍ക്കാന്‍ സാധിക്കും. ചെന്നൈയും ബോഡിനായ്ക്കന്നൂരും തമ്മില്‍ മധുര വഴിയുള്ള നേരിട്ടുള്ള പാത തേനി ജില്ലകളിലേക്കും കേരളത്തിലെ മൂന്നാര്‍, ഇടുക്കി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ യാത്ര എളുപ്പവും വേഗത്തിലുമാക്കും. വിനോദസഞ്ചാരികള്‍ കൊച്ചി വരെ ട്രെയിനില്‍ കയറി അവിടുന്ന് മൂന്നാറിലേക്കോ ഇടുക്കിയിലേക്കോ എത്താന്‍ കുറഞ്ഞത് 15 മണിക്കൂര്‍ എടുക്കും.എന്നാല്‍ പുതിയ പാത വരുന്നതോടെ യാത്ര സമയത്തില്‍ മൂന്ന് മണിക്കൂര്‍ കുറയ്ക്കാന്‍ സഹായിക്കും. പുതിയ പാത വരുന്നതോടെ മധുരയ്ക്കും ബോഡിനായ്ക്കന്നൂരിനും ഇടയിലുള്ള യാത്രാസമയം 1.15 മണിക്കൂറായി കുറയും. റോഡ് മാര്‍ഗം ഇത് രണ്ട് മണിക്കൂറിലധികമാണ്. മധുരയില്‍ നിന്ന് തേനിയിലേക്ക് പോകുന്ന ജോലിക്കാര്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും മാത്രമല്ല, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും പുതിയ ബ്രോഡ്ഗേജ് ലൈന്‍ ഉപകാരപ്രദമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇടുക്കിയിലെ വിനോദ സഞ്ചാരത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രതീക്ഷ നല്കുന്ന പാതയാണിത്. പീരുമേട്, ഉടുമ്ബന്‍ചോല, ദേവികുളം, കട്ടപ്പന താലൂക്കുകളിലുള്ളവര്‍ക്ക് ഏറെ സഹായകരമാണ് ഈ റെയില്‍പ്പാത. കുമളി അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രമേ ഇങ്ങോട്ടേക്കുള്ളു. മുന്‍പ് 110 കിലോമീറ്റര്‍ അകലെ കോട്ടയം റെയില്‍വേ സ്റ്റേഷനെ ആശ്രയിച്ചിരുന്ന കുമളിക്കാര്‍ക്ക് യാത്ര ഏറെ എളുപ്പമാകും.